തിരുവനന്തപുരം∙ പ്രശസ്ത നടൻ മോഹൻ രാജ് അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. പാര്‍ക്കിന്‍സന്‍സ് രോഗബാധിതനായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു ഏറെക്കാലമായി മോഹൻ രാജ് (70) ചികിത്സയിൽ ആയിരുന്നു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മോഹൻ രാജ് ആയുർവേദ ചികിത്സയ്ക്കായി ഒരു വർഷം മുൻപാണ് കാഞ്ഞിരംകുളത്ത് എത്തിയത്....
കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രമാണ് മോഹൻ രാജിനെ പ്രശസ്തനാക്കിയത്. മുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കാഞ്ഞിരംകുളം സ്വദേശിയായ മോഹൻ രാജ് തിരുവനന്തപുരം ഗവ. ആർട്‌സ് കോളജിൽ വിദ്യാർഥിയായിരിക്കെ കായികതാരമായിരുന്നു. പിന്നീട് സൈന്യത്തിലെത്തി. കാലിനു പരുക്കേറ്റതിനെ തുടർന്ന് ആർമിയിലെ ജോലി വിട്ട് കസ്റ്റംസിലും പിന്നീട് എൻഫോഴ്സ്മെന്റിലും ഉദ്യോഗസ്ഥനായി.എൻഫോഴ്‌സ്‌മെന്റ് ഓഫിസറായി ചെന്നൈയിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയിലെത്തിയത്. ‘കഴുമലൈ കള്ളൻ’ എന്ന തമിഴ്.സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതിനു ശേഷം ‘ആൺകളെ നമ്പാതെ’ എന്ന ചിത്രത്തിലും അഭിനയിച്ചു....