ഇന്ത്യൻ അടയാളങ്ങൾ ഉൾക്കൊണ്ട് അതിസുന്ദരമായി അണിഞ്ഞൊരുങ്ങിയ ബാർബി പാവകൾ ഇത്തവണ ദീപാവലി ആഘോഷങ്ങൾക്ക് നിറം പകരാനെത്തിയിരിക്കുന്നു. ഇന്ത്യൻ ഫാഷൻ ഡിസൈനർ അനിതാ ഡോംഗ്രയും ബാർബിയുടെ നിർമാതാക്കളായ അമേരിക്കൻ കമ്പനി മാറ്റ്ലും ചേർന്നാണ് ഈ പ്രത്യേക ദീപാവലി ബാർബിയെ വിപണിയിൽ അവതരിപ്പിച്ചത്.
ഈ വർഷം ആദ്യമായാണ് മാറ്റ്ല് ദീപാവലിയുമായി ബന്ധപ്പെട്ട് ഒരു ബാർബി പാവയെ രൂപകല്പന ചെയ്യുന്നത്. അനിതാ ഡോംഗ്ര ഒരുക്കിയ അതിമനോഹരമായ നീല നിറത്തിലുള്ള “മൂൺലൈറ്റ് ബ്ലൂം ലഹങ്ക” ധരിച്ചിരിക്കുന്ന ബാർബി, ദീപാവലിയുടെ ശോഭയും ആനന്ദവും പ്രതിഫലിപ്പിക്കുന്നു. ആലോചനാപൂർവകമായ രൂപകല്പനയിൽ, കരുത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായി ബാർബിയെ തീർത്തിട്ടുണ്ടെന്നത് ഈ പ്രത്യേക പതിപ്പിന്റെ മുഖ്യവിശേഷതയാണ്. സ്വർണനിറത്തിലുള്ള ആഭരണങ്ങൾ, ഈ ആഘോഷത്തിന്റെ പ്രകാശവും മഹത്വവും പ്രതിഫലിപ്പിക്കുന്നതിലൂടെയാണ് പാവയുടെ സമ്പൂർണ്ണ ആകര്‍ഷണം നേടുന്നത്.