1996ലെ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ടുചെയ്യാൻ അനുമതി തേടിയ ബഹിരാകാശയാത്രികൻ ജോൺ ബ്ളാഹയാണ് ഈ ആശയത്തിന് തുടക്കം കുറിച്ചത്.
വാഷിങ്ടൺ: നവംബർ 5നു നടക്കുന്ന യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ബഹിരാകാശത്തുനിന്നു വോട്ടു ചെയ്യുമെന്ന് സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും പറഞ്ഞു. ബാലറ്റ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയതായുംരാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നു സാറ്റലൈറ്റ് ഫോൺ കോളിലൂടെ നടത്തിയ വാർത്താസമ്മേളനത്തിൽ ഇരുവരും അറിയിച്ചു. ‘വോട്ടു ചെയ്യുന്നത് പൗരരെന്ന നിലയിൽ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്.
ബഹിരാകാശത്തുനിന്നു വോട്ടു ചെയ്യാൻ കാത്തിരിക്കുന്നു’– ഇന്ത്യൻ വംശജയായ സുനിത പറഞ്ഞു. ബഹിരാകാശ നിലയത്തിലുള്ള യുഎസ് പൗരർ 1997 മുതൽ വോട്ടു ചെയ്യുന്നുണ്ട്. പാസ്‌വേഡിലൂടെ സുരക്ഷിതമാക്കിയ പിഡിഎഫ് ഫയലാണ് ഇവരുടെ വോട്ടു രേഖപ്പെടുത്താൻ ഉപയോഗിക്കുന്നത്. ജൂൺ 7നു ബഹിരാകാശ നിലയത്തിലെത്തിയ സുനിതയും വിൽമോറും ജൂൺ 13നു തിരിച്ചെത്തും വിധമായിരുന്നു യാത്രാപദ്ധതി. എന്നാൽ, ബോയിങ് സ്‌റ്റാർലൈനർ പേടകത്തിനു തകരാർ സംഭവിച്ചതോടെ മടക്കയാത്ര മുടങ്ങി. ഇരുവരെയും അടുത്ത ഫെബ്രുവരിയിൽ സ്പേസ്എക്‌സിന്റെ ഡ്രാഗൺ പേടകത്തിൽ തിരിച്ചെത്തിക്കാനാണു തീരുമാനം. ‘സ്‌റ്റാർർലൈനർ പേടകം ഞങ്ങളില്ലാതെ ഭൂമിയിലേക്കു മടങ്ങുന്നത് നോക്കിനിന്നുനാസയുടെയോ ബോയിങ്ങിന്റെയോ തീരുമാനം നിരാശപ്പെടുത്തിയില്ല. കാരണം, അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടുന്നതിനെക്കുറിച്ചാണ് പരിശീലനത്തിന്റെ 90 ശതമാനവും’– ബഹിരാകാശ നിലയത്തിന്റെ കമാൻഡറുടെ ചുമതല കൂടി ലഭിച്ച സുനിതപറഞ്ഞു.